കല-ഹൃദയങ്ങളെ കീഴടക്കി ‘കലാങ്കം 2025’

കല്ലിക്കണ്ടി: വിദ്യാഗിരിയിലെ കലാ ഹൃദയങ്ങളെ ആനന്ദം കൊള്ളിച്ച് എൻ എ എം കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ‘കലാങ്കം 2025’ സംഘടിപ്പിച്ചു. “കലകൾ കലഹിക്കുന്ന കാലത്ത്, ലഹരിക്കെതിരെ കലകളിലൂടെ പോരാടുക” എന്ന പ്രമേയത്തോടെയായിരുന്നു ഇത്തവണത്തെ കലോത്സവം.

കലോത്സവത്തിന്റെ ഉദ്ഘാടനം എം.ഇ.എഫ് ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് നിർവഹിച്ചു. ‘അഞ്ചാം പാതിരാ’, ‘ടർബോ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പുതുമുഖ നടി ആമിന നിജാം മുഖ്യാതിഥിയായി. കലയുടെ പ്രാധാന്യം വിദ്യാർത്ഥികളുമായി പങ്കുവെച്ച താരം, പിന്നാലെ ഗാനവും നൃത്തവും അവതരിപ്പിച്ച് കലോത്സവത്തിന് വ്യത്യസ്തമായ മാറ്റുകൂട്ടി.
കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മജീഷ്, മുഖ്യാതിഥിക്ക് മൊമെന്റോ കൈമാറി. യൂണിയൻ ചെയർമാൻ തമീം മുഹ്സിൻ അധ്യക്ഷത വഹിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി അജ്‌വർ ചിറക്കൽ സ്വാഗതം പറഞ്ഞു.

മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, സിംഗിൾ ഡാൻസ്, ലളിതഗാനം, മിമിക്രി, മൈം, ഗ്രൂപ്പ് ഡാൻസ്, മോണോ ആക്ട്, ഗസൽ, എഴുത്ത് മത്സരങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
കലോത്സവത്തിൽ ടീം കോച്ചേരി ഓവറോൾ കിരീടം നേടി. ടീം അഞ്ഞൂറ്റി രണ്ടാം സ്ഥാനവും ടീം അടാട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അടിയോട്ടിൽ അഹ്മദ് ഹാജി, ഡോ. അഞ്ചു ഓ.കെ, ഡോ. അനസ് എടോളി, സമീർ പറമ്പത്ത്, നസീർ പുത്തൂർ, ഡോ. ഹസീബ് വി വി, ഡോ. ഷമീർ എ.പി, ഹയ ഫാത്തിമ കെ, നജ ഫാത്തിമ സി എന്നിവർ ആശംസകൾ അർപ്പിച്ചു.