കലാലയങ്ങളിൽ വേണ്ടത് സൗഹൃദത്തിൻ്റെ ലഹരി: ഷാഫി പറമ്പിൽ

കല്ലിക്കണ്ടി: സ്വബോധം കളയുന്ന ലഹരിയല്ല, മറിച്ച് മറ്റുള്ളവരുടെ വിഷമങ്ങളിൽ ഇടപെട്ട് അവരെ സഹായിക്കാനുള്ള പോസിറ്റീവ് ലഹരിയാണ് വിദ്യാർത്ഥികൾക്കുണ്ടാകേണ്ടത് എന്ന് ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പെട്ടു. മുപ്പത് വർഷത്തെ സമർപ്പിത സേവനത്തിന് ശേഷം കല്ലിക്കണ്ടി എൻ.എ.എം. കോളജിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പാൾ ഡോ. മജീഷ് ടി ക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാലയങ്ങളിൽ സൗഹൃദത്തിന്റെ പ്രകാശം നിറയണം. ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്, പക്ഷേ അതൊന്നും വിദ്യാർത്ഥി ജീവിതത്തിന്റെ സാരാംശം അല്ല. ആയുധങ്ങൾ കൈയേറുന്ന അന്തരീക്ഷം വേണ്ട, മറിച്ച് സഹകരണം, സഹവർത്തിത്വം, പരസ്പരമുള്ള കരുതൽ എന്നിവയാണ് വളരേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപന രംഗം വലിയ മാറ്റങ്ങൾ അനുഭവിക്കുന്ന കാലഘട്ടമാണിതെന്ന് എം.പി. ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വളർച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമീപനങ്ങളെ ബാധിക്കുമ്പോഴും വിദ്യാഭ്യാസം മനുഷ്യബന്ധങ്ങളുടെ പാഠശാലയായി തുടർന്നേ മതിയാകൂ. അധ്യാപകർ നൽകിയ പ്രചോദനമാണ് എന്നെ പ്രസംഗിക്കാൻ പ്രാപ്തമാക്കിയതും, ഈ നിലയിലെത്തിച്ചതെന്നും ഷാഫി പറമ്പിൽ എം.പി കൂട്ടിച്ചേർത്തു.

മുപ്പത് വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം കോളേജിൽ നിന്നും പടിയിറങ്ങുന്ന പ്രിൻസിപ്പാൾ ഡോ. മജീഷ് ടി യുടെ പ്രതിമൊഴി വികാരഭരിതമായ കാഴ്ചയായി. വിദ്യാർത്ഥികളോടുള്ള അടുപ്പം, അധ്യാപകരോടുള്ള സൗഹൃദം, വർഷങ്ങൾ നീണ്ട അനുഭവങ്ങൾ – ഇതെല്ലാം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം വേദിയിൽ സംസാരിക്കുമ്പോൾ സദസ്സിലിരുന്നവരുടെയും കണ്ണു നിറഞ്ഞു.

എം.ഇ.എഫ് ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ് അധ്യക്ഷത വഹിച്ചു. ട്രഷറർ അബ്ദുള്ള മാസ്റ്റർ, ഡോ. പുത്തൂർ മുസ്തഫ, എൻ.എ. കരീം, ടി. അബൂബക്കർ, എ.സി. കുഞ്ഞബ്ദുള്ള, സമീർ പറമ്പത്ത്, ഡോ. എ.പി. ഷമീർ, ഡോ. ഹസീബ് വി.വി., കെ.എസ്. മുസ്തഫ, എം. ഗഫൂർ, പ്രിയ നായർ, ഗഫൂർ ഐ., പി.ടി.എ. വൈസ് പ്രസിഡന്റ് കാസിം ഉമ്മറാട, അലുമ്നി പ്രസിഡന്റ് എം.കെ. ഗഫൂർ, അലി കുയ്യാലിൽ, യൂണിയൻ ചെയർമാൻ ഷമീം മുഹ്സിൻ, സെക്രട്ടറി ഹയ ഫാത്തിമ, ഷീജ മജീഷ് എന്നിവർ സംസാരിച്ചു.
സദസ്സിനോട് നന്ദിപറഞ്ഞു കൊണ്ട് ഡോ. മജീഷ് ടി. വേദി വിടുമ്പോൾ, കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും കണ്ണീരോടെ ആ കൈവിടലിനോട് സാക്ഷ്യം വഹിച്ചു.