ഡോ.ദിലീപിന് സംസ്ഥാന പരിസ്ഥിതി അവാർഡ്
കണ്ണൂർ: നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവായി എൻ എ എം കോളേജ് പൂർവ വിദ്യാർത്ഥി ഡോ.ദിലീപ്.
നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പ്രഖ്യാപിച്ച ഈ വർഷത്തെ പരിസ്ഥിതി അവാർഡിൽ പൊതു വിഭാഗത്തിലാണ് നേട്ടം. പൂർവ വിദ്യാർത്ഥി എന്ന നിലയിൽ കോളജിന് അഭിമാനകരമായ നിമിഷമാണിതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.മാജീഷ് പറഞ്ഞു. പ്രശസ്ത സസ്യ ഗവേശകനായ ദിലീപ് കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൂടിയാണ്.
2013-ൽ തുടങ്ങിയ ‘ഒരു ചായ ഒരു ചോല’ പദ്ധതിയാണ് അവാർഡിലേക്ക് നയിച്ചത്. ആശയം ലളിതം, നാട്ടിൻപുറങ്ങളിലെ ചായ കടകൾക്കുമുന്നിൽ കൈ കഴുകാനായി പാത്രത്തിൽ വെള്ളം വെച്ചത് കാണാം. വെള്ള മൊഴുക്കുന്ന കോണിൽ ഒരു തൈ നട്ടാൽ അതിനുവളരാൻ മറ്റൊന്നും വേണ്ട. ഈ ചിന്തയിൽ തുടങ്ങിയ പദ്ധതി ഇന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത് 412 വൃക്ഷങ്ങൾ. ചായക്കടകൾക്കും ഹോട്ടലുകൾക്കും മുന്നിൽ മാത്രമല്ല, വെള്ളമൊഴിക്കാൻ തയ്യാറുള്ള കടകൾക്കു മുന്നിലെല്ലാമുണ്ട് ദിലീപ് വിത്തു പാകിയ നൂറു നൂറു തൈകൾ.
പരിസ്ഥിതി മേഖലയിൽ ഒട്ടേറെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് വിജയം കണ്ട ഇദ്ദേഹം 2010 ൽ ആണ് മോകേരി സ്കൂളിൽ എത്തുന്നത്. അന്നുമുതൽ മൊകേരിയിലെയും പരിസര പ്രദേശങ്ങളിലെയും ചയകടകളും അവയ്ക്ക് മുന്നിലെ വെള്ളപ്പാത്രങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി. 2013 മുതലാണ്,മൊകേരി,കൂത്തുപറമ്പ്, പാട്യം ചെറുവാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ചയകടകൾക്ക് മുമ്പിൽ ചെടികൾ നട്ടു തുടങ്ങിയത്. അവ നേരത്തെ തന്നെ ചോല കൾ തീർത്തു. 1927 വൃക്ഷങ്ങളാണ് ദിലീപിന്റെ ലക്ഷ്യം. ഈ സംഖ്യക്ക് പിന്നിലുമുണ്ട് സഹജമായ പരിസ്ഥിതി ബോധം. മരങ്ങളെ ചേർത്തു പിടിച്ച സുന്ദർലാൽ ബഹുഗുണയുടെ ജന്മ വർഷമാണ് 1927.