സുഖമുള്ള അസുഖത്തിന്റെ പേരാവും നൊസ്റ്റാൾജിയ, അല്ലെ?
മുപ്പതുകൾ ഒരു വല്ലാത്ത കാലമാണെന്നാണ് തോന്നുന്നത്. ജീവിതം എങ്ങനെയൊക്കെയോ വന്ന് ഇടിച്ചങ്ങു നിന്നുപോയപോലെ തോന്നുന്ന കാലം, ഒരുപാട് മുതിർന്നു എന്നും അത് വേണ്ടായിരുന്നു എന്നും തോന്നുന്ന കാലം, പണ്ടൊക്കെ, ഞങ്ങടെ സ്‌കൂൾ കാലത്തൊക്കെ എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന കാലം😊
പ്രണയവിലാസം കണ്ടു. കുറെ നാളുകൾക്ക് ശേഷം ഒരു സിനിമ കണ്ടു കരഞ്ഞു. വല്ലാതങ്ങു കൊള്ളുന്നത് പോലെ, പരിചയമുള്ള കുറെയേറെ കാര്യങ്ങൾ ഫ്രേമിൽ കണ്ടപ്പോ ആകെ അങ്ങു നിറഞ്ഞു വിങ്ങുന്നത് പോലെ. 90കളും രണ്ടായിരം ആണ്ടിന്റെ തുടക്കവും നിറമുള്ള ഒരു കാലമായിരുന്നു. ബസ്സിന് പിന്നാലെ ഓട്ടവും, ഫുട്ബാൾ ഗ്രൗണ്ടിലേക്ക് നോട്ടവും, പാടവും വരമ്പും, വായനശാലയിലേക്കുള്ള പോക്കും, ചിറകു വെച്ച പോലത്തെ ചുരിദാറും, സാരി മാത്രം ഉടുക്കുന്ന അമ്മമാരും, കൂട്ടത്തിൽ ചന്ദനക്കുറി തൊട്ട് കമലഹാസനെ വെല്ലുന്ന ചിരിയോടെ ടിക്കറ്റ് ബുക്കും കൊണ്ടു നീങ്ങുന്ന ചേട്ടന്മാരും. അതിൽ ചിലരെ വെറുതെ നോക്കിക്കൊണ്ടു ഇരിക്കാൻ മാത്രം നേരത്തെ പോവുന്ന പെണ്പിള്ളേരും.
കാലം പുരോഗമിച്ചു, ഇപ്പൊക്കെ എല്ലാം എളുപ്പമാണ്, അതിന്റെ ആവശ്യമേ ഉള്ളു എന്നൊക്കെ പറയുന്നതിൽ ഒരു ശരി ഉണ്ട്. പക്ഷെ നെഞ്ചോട് ചേർത്ത് വച്ച പുസ്തകത്തിലും, ചന്ദനം മണക്കുന്ന പുലരികളിലും, മഴയിൽ കുതിർന്ന വരമ്പിലും വിരിഞ്ഞ പ്രണയങ്ങൾക്ക് ലേശം ഭംഗി കൂടുതൽ തന്നെയാണ് എന്നു തോന്നുന്ന ആ സുഖമുള്ള അസുഖത്തിന്റെ പേരാവും നൊസ്റ്റാൾജിയ, അല്ലെ?
വയസ്സാവുന്നു എന്നും പറയാം😊