ദൈവത്തിന്റെ കൈ
തീയേറ്ററിൽ ഇരുന്ന സമയമത്രയും ഞാനോർത്തത് സുഭാഷിനെപ്പറ്റിയാണ്, പ്രാണൻ കൈവിട്ട് പോവുന്നതും കാത്തു പാറപ്പുറത്ത് കിടന്ന സുഭാഷിനെ. ശരീരവും മനസ്സും ഒരുപോലെ മുറിഞ്ഞ, ഭ്രാന്ത് വക്കോളം വന്നെത്തിനോക്കുമ്പോൾ കണ്ണു മലർക്കെ തുറന്നു പിടിച്ചു ഇരുട്ട് മാത്രം കണ്ട സുഭാഷ്. വെളിച്ചമില്ലാതെ, വായുവില്ലാതെ മൂക്കിന് മുകളിൽ ഏതു നേരം വേണമെങ്കിലും വന്നു വീഴാവുന്ന മണ്ണും പ്രതീക്ഷിച്ചു ശവക്കുഴിയിൽ കിടന്ന സുഭാഷ്. ഒരായുസ്സിന്റെ മുഴുവൻ വേദനയും തിന്ന് മരണത്തെ തൊട്ട് തിരിച്ചു വന്നവൻ.
ഞാനും കിടന്നിട്ടില്ലേ? പായലും പൂപ്പലും പിടിച്ചു വഴുക്കുന്ന മനസ്സിന്റെ ഗുഹയിൽ തള്ളി നീക്കിയ മാസങ്ങൾ, വർഷങ്ങൾ! പേരുകൾ പലതിട്ടു വിളിച്ച അവസ്‌ഥകൾ. ശബ്ദം കേൾക്കുന്നുണ്ടോ എന്നു നോക്കാൻ വന്നു നോക്കിയ മുഖങ്ങൾ. ഒടുവിലൊരു ടോർച്ചും കൊണ്ടിറങ്ങി വന്നു കയറിൽ കെട്ടി വലിച്ചു ജീവിതത്തിലേക്ക് ഉയർത്തിയെടുത്ത കൈ. അലറിയിട്ടും കഴുത്തു ഞെരിച്ചിട്ടും നെഞ്ചിൽ കുത്തിയിട്ടും വിടാതെ പിടിച്ച കൈ. ശവപ്പെട്ടിയിൽ കിടന്ന പ്രാണനെ പിടിച്ചു വലിച്ചു പുറത്തേക്കിട്ട, ശ്വസിക്കാൻ പഠിപ്പിച്ച കൈ.
കടപ്പാടാണ് 😊
കടപ്പാടിന് ജീവിതത്തിൽ ഉള്ളതിനേക്കാൾ സ്‌ഥാനം വേറൊന്നിനുമില്ല.
മഞ്ഞുമ്മൽ ♥️