സി എച്ച് മൊയ്തു മാസ്റ്റർ അവാർഡ് പിപിഎ ഹമീദിന്
പെരിങ്ങത്തൂർ: കരിയാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മൊയ്തു മാസ്റ്ററുടെ സ്മരണാർഥം കരിയാട് മൊയ്തു മാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച പൊതു പ്രവർത്തകനുള്ള അവാർഡിന് പിപിഎ ഹമീദിനെ തിരഞ്ഞെടുത്തു.
ഉത്തരമലബാറിലെ ഉന്നത കലാലയമായ കല്ലിക്കണ്ടി എൻ എ എം കോളജ് ജനറൽ സെക്രട്ടറി, മലബാറിലെ കാൻസർ രോഗികൾക്ക് അത്താണിയായി പ്രവർത്തിക്കുന്ന കോടിയേരി മലബാർ സി എച്ച് സെന്റർ ജനറൽ സെക്രട്ടറി, കേരള ടെക്സ്റ്റയിൽസ് ആന്റ് ഗാർമെന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, കുന്നോത്ത് പറമ്പ് മഹല്ല് പ്രസിഡന്റ് നിലകളിലുള്ള വിദ്യാഭ്യാസ – ആതുര – സാമൂഹ്യ രംഗത്തെ സേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
അഡ്വ. പി.വി സൈനുദ്ദീൻ ചെയർമാനായുള്ള അഞ്ചംഗ ജൂറി സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 10,001 രൂപയും ശിലാഫലകവും അടങ്ങുന്ന അവാർഡ് സെപ്തംബർ അവസാന വാരം കരിയാട് സി എച്ച് മൊയ്തു മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.