കരയാതെ കാണാനാവില്ല ഈ സിനിമ; ‘മിസിസ് ചാറ്റർജി Vs നോർവേ’
പല സ്ത്രീകളും അമ്മമാരാകുന്നത് അവരതിന് തയ്യാറാണോ എന്നാരും ചോദിക്കാതെയാണ്. എന്നാൽ അമ്മയായി കഴിഞ്ഞാൽ പിന്നെ കാണുക അന്ന് വരെ കണ്ട സ്ത്രീയെ ആവില്ല. സ്വന്തം കുഞ്ഞുങ്ങളെ, അതും 5 മാസം മാത്രം പ്രായമുള്ള മുലപ്പാൽ കൊടുക്കുന്ന കുഞ്ഞിനെ അടക്കം എന്തിന്റെ പേരിലായാലും ഭാഷ പോലുമറിയാത്ത വേറൊരു സ്റ്റേറ്റ് കസ്റ്റഡിയിൽ എടുക്കുക, പിന്നീട് മൂന്ന് വർഷക്കാലം അവരെ ഒന്നു ചേർത്തു പിടിക്കാനായി ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യുക . . .കഥയല്ല, ജീവിതമാണ്, സാഗരിക ചക്രവർത്തിയുടെ.
‘മിസിസ് ചാറ്റർജി Vs നോർവേ’
ആദ്യത്തെ സീൻ മുതൽ കരയാതെ കാണാനാവില്ല ഈ സിനിമ. മോളുണ്ടായതിൽ പിന്നെ ഒരു ദിവസം പോലും അവളെ കാണാതെ നിന്നിട്ടില്ല. ദിവസം മൊത്തം കുഞ്ഞിന്റെ മേലെ അടയിരിക്കുന്ന അമ്മയല്ല ഞാൻ, എന്നാൽ തമാശയ്ക്ക് പോലും എന്റെ മോൾക്ക് എന്റടുത്തു വരണം എന്നു തോന്നുമ്പോ അത് പറ്റിയില്ലെങ്കിലോ, അവളെ കാണണം എന്ന് തോന്നുമ്പോ പറ്റില്ല എന്നാരെങ്കിലും പറഞ്ഞാലോ എന്നോർക്കുമ്പോ നെഞ്ചു പൊടിഞ്ഞു പോവുന്ന അമ്മയാണ്. അങ്ങനെയൊരു അമ്മയാണ് 5 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടു പോവുന്ന കാറിന്റെ പിന്നാലെ ഓടി നടുറോഡിൽ തളർന്നു വീണത്, പാൽ കൊടുക്കാൻ പറ്റാതെ ബ്രസ്റ്റ് പമ്പ് വെച്ചു പിഴിഞ്ഞെടുത്തു ഫോസ്റ്റർ ഹോമിൽ കൊണ്ടു കൊടുത്തു മാസങ്ങൾ തള്ളി നീക്കിയത്. ബാഗിലാക്കി വെച്ച പാൽ കുഞ്ഞിന് അവർ കൊടുക്കുന്നില്ല എന്നറിയുന്ന അവസ്‌ഥ. കുഞ്ഞില്ലാതെ കുഞ്ഞിന്റെ മണമില്ലാതെ അവസാനം പമ്പിൽ പാല് കിട്ടാതെ വരുന്ന അവസ്‌ഥ!
പാതിരാത്രിയും പുലർച്ചെയും അടക്കം ഒറ്റക്കിരുന്നു പമ്പ് വെച്ചു കഴിയുന്നത്ര പാൽ കിട്ടട്ടെ എന്നു കരുതി പിഴിഞ്ഞു പിഴിഞ്ഞു വേദനിച്ചു തൊടാൻ പറ്റാതെ കിടക്കാൻ പറ്റാതെ കരഞ്ഞു കരഞ്ഞു ഇരുന്നു കഴിച്ചു കൂട്ടിയ എന്റെ ദിവസങ്ങളൾ ഓർത്തുപോയി. 10 ml പാല് മാത്രം കിട്ടിയപ്പോ പമ്പും കയ്യിൽ പിടിച്ചു നിലവിളിച്ചത് ഓർത്തുപോയി. അതു പോലും മുറിവായി കിടക്കുന്ന ഞാൻ, അപ്പോഴാണ് 3 വർഷം മകളുടെ വളർച്ച കാണാൻ പോലും പറ്റാതെ, പാൽ വറ്റിപ്പോയ, ഭ്രാന്തിയാണ് എന്നു, നല്ല അമ്മയല്ല എന്നു ലോകവും സ്വന്തം ഭർത്താവ് പോലും ചതിച്ച ഒരമ്മയുടെ കഥ!
കാണുക, കരയുക…