സ്നേഹവീട് താക്കോൽദാനവും ഉപഹാര സമർപ്പണവും
കല്ലിക്കണ്ടി: എൻ എ എം കോളേജിലെ വിദ്യാർത്ഥികളുടെ സഹായത്തോടെ നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ പ്രവർത്തന മികവ് സമൂഹത്തിലെ മറ്റുള്ളവർക്കും മാതൃകയാണെന്ന് സ്പീക്കർ പറഞ്ഞു. സഹജീവികളെ മനസ്സിലാക്കി അവരുടെ പ്രയാസങ്ങളിൽ പങ്കുചേരാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന ഇത്തരം സ്വഭാവ രൂപീകരണമാണ് ക്യാമ്പസുകളിൽ ആവശ്യം. ബാങ്ക് ലോൺ എടുത്ത് ഏതെങ്കിലും വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്നതിനു പകരം മത്സര പരീക്ഷകൾക്ക് തയ്യാറെടുത്ത് സ്കോളർഷിപ്പോടുകൂടി മികച്ച വിദേശ സർവകലാശാലകളിൽ വിദ്യാർത്ഥികൾ പഠിക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാർത്ഥികളെയും കോളേജ് ജീവനക്കാരെയും കോളേജ് മാനേജ്മെന്റിനെയും സ്പീക്കർ അഭിനന്ദിച്ചു.
കോളേജിലെ കാന്റീൻ ജീവനക്കാരിയായ ജാനു ഏട്ടത്തിക്കാണ് വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിൽ സ്നേഹവീട് ഒരുക്കിയത്. ഒമ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീടിൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. 2018 പ്രളയ കാലത്ത് കോളേജിൻ്റെ നേതൃത്വത്തിൽ പ്രളയ ബാധിതർക്ക് മൂന്ന് വീടുകൾ വച്ചു നൽകിയിരുന്നു. കോളേജ് വിദ്യാർത്ഥിയുടെ വൃക്ക രോഗിയായ പിതാവിൻ്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ചിലവും, പിതാവിൻറെ ആകസ്മിക മരണം മൂലം ബാങ്ക് വായ്പ തിരച്ചടവ് മുടങ്ങി ജപ്തി ചെയ്ത വീട് തിരിച്ചെടുത്തു നൽകിയും എൻ എ എം കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും മുമ്പും മാതൃകയായിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും ഒരു രീതിയിലുമുള്ള സാമ്പത്തിക സഹായവും കൈപ്പറ്റാതെ പൂർണ്ണമായും വിദ്യാർത്ഥികളും, കോളേജ് ജീവനക്കാരും, മാനേജ്മെൻ്റും, പൂർവ്വ വിദ്യാർത്ഥികളും കൈകോർത്ത് ഇതിനോടകം 50 ലക്ഷം രൂപ ഇത്തരം പ്രവർത്തനങ്ങൾക്ക് ചിലവഴിച്ചിട്ടുണ്ട്.
താക്കോൽ ദാന ചടങ്ങിനോടൊപ്പം മൂന്നു പതിറ്റാണ്ട് കാലം കോളേജിനെ സേവിച്ച റിട്ട.ജൂനിയർ സൂപ്രണ്ട് അലി കിയ്യാലിലിന് കോളേജ് മാനേജ്മെൻ്റ് ഏർപ്പെടുത്തിയ ഉപഹാരം മാനേജ്മെൻ്റ് കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്പീക്കർ സമ്മാനിച്ചു. 2023-24 അധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വേദിയിൽ ആദരിച്ചു.
കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ടി മജീഷ് സ്വാഗതം പറഞ്ഞു. പി പി എ ഹമീദ് (എം ഇ എഫ് ജനറൽ സെക്രട്ടറി) അധ്യക്ഷത വഹിച്ചു. ആർ അബ്ദുള്ള മാസ്റ്റർ, പി പി അബൂബക്കർ, എൻ കുഞ്ഞമ്മദ് മാസ്റ്റർ, ഡോ. പുത്തൂർ മുസ്തഫ, എൻ എ കരീം, ഡോ ഹസീബ് വി വി, അബ്ദുൽ ഗഫൂർ എം കെ, മുഹമ്മദ് അൽഫാൻ എന്നിവർ സംസാരിച്ചു. മാനേജ്മെൻ്റ് സെക്രട്ടറി സമീർ പറമ്പത്ത് നന്ദി പറഞ്ഞു.