ഏകീകൃത സിവിൽ കോഡ് ആശയും ആശങ്കയും
ഒരിടവേളയ്ക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകളില്‍ നിറയുകയാണ്. എന്താണ് ഏകീകൃത സിവിൽ കോഡെന്നും, അതെങ്ങനെ ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കുന്നുവെന്നും വിശദീകരിച്ച് കൊണ്ടാണ് ഒന്നാം വർഷ ചരിത്ര വിദ്യാർത്ഥിനിയായ നാദിയ ഫർസാന തൻ്റെ സംസാരം ആരംഭിച്ചത്. എൻ എ എം കോളജ് ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിക്കുന്ന ‘ടീ ടോക്’ വർത്തമാന സീരീസിൽ ‘ഏകീകൃത സിവിൽ കോഡ് ആശയും ആശങ്കയും’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു നാദിയ.
ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചകളിലും ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിക്കുന്ന ടോക് സീരീസാണ് ‘ടീ ടോക്’. സിവിൽ കോഡ് കേന്ദ്ര വിഷയമായ ചർച്ചയ്ക്കാണ് നാദിയ നേതൃത്വം വഹിച്ചത്. ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. അനസ്, അധ്യാപകരായ ഫസൽ മുഹമ്മദ്, ഫർഹാന, അനുശ്രീ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയിലെ പ്രധാന ഭാഗങ്ങൾ:
ഏകീകൃത സിവില്‍ കോഡ് എന്താണ് അര്‍ത്ഥമാക്കുന്നത്?
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമം ഏകീകൃത സിവില്‍ കോഡ് വ്യവസ്ഥ ചെയ്യുന്നു.
ഭരണഘടനയുടെ 44-ാം അനുച്ഛേദം അനുസസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാം. ഭരണഘടനയുടെ നാലാം ഭാഗത്തില്‍ വിവരിച്ചിരിക്കുന്ന സംസ്ഥാന നയങ്ങളുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 44. ആര്‍ട്ടിക്കിള്‍ 37 അനുസരിച്ചുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കോടതികള്‍ക്ക് അവകാശമില്ലെന്നും ഇവ നടപ്പിലാക്കേണ്ടത് ഭരണകൂടത്തിന്റെ മാത്രം കടമയാണെന്ന് വ്യക്തമാക്കുന്നു.
നിലവില്‍ രാജ്യത്തെ വ്യക്തിനിയമങ്ങളില്‍ ‘ഏകരൂപം’ ഇല്ലേ?
നിലവില്‍ രാജ്യത്തുള്ള മിക്ക സിവില്‍ നിയമങ്ങള്‍ക്കും ഏകീകൃത സ്വഭാവമാണുള്ളത്. കരാര്‍ നിയമം, സിവില്‍ പ്രൊസീജ്യര്‍ കോഡ്, ചരക്ക് വില്‍പന നിയമം, സ്വത്ത് കൈമാറ്റ നിയമം, പങ്കാളിത്ത നിയമം, മുതലായവ ഇതിന് ഉദാഹരണമാണ്. ഇതില്‍ തന്നെ പല നിയമ വ്യവസ്ഥകളിലും ചില സംസ്ഥാനങ്ങള്‍ ഭേദഗതികളും വരുത്തിയിട്ടുണ്ട്. രാജ്യത്തെ മത, സിവില്‍ നിയമങ്ങളില്‍ അടക്കം ഈ വ്യത്യാസം കാണാന്‍ സാധിക്കും.
ഇന്ത്യയിലെ മത നിയമങ്ങള്‍ നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. രാജ്യത്തെ വ്യത്യസ്ത ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ പോലും നിയമ വ്യവസ്ഥകള്‍ക്ക് മാറ്റമുണ്ട്. സമാനമായി ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലെ നിയമങ്ങള്‍ക്കിടയിലും നിരവധി വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ 200-ലധികം ഗോത്രങ്ങള്‍ക്കിടയില്‍ അവരുടേതായ വ്യത്യസ്തമായ ആചാര നിയമങ്ങള്‍ നിലനില്‍ക്കുന്നു. ഭരണഘടയില്‍ നാഗാലാന്‍ഡ് , മേഘാലയ, മിസോറാം സംസ്ഥാനങ്ങളിലെ മത വിഭാഗങ്ങള്‍ക്കും ഭരണഘടന പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ട്.
എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു
രാജ്യത്തെ ഒന്നിപ്പിക്കുന്ന നിയമ നിര്‍മാണം എന്ന നിലയിലാണ് ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ഈ നിയമം എന്ന് പ്രതികൂലിക്കുന്നവരും വാദിക്കുന്നു. ചില രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെ ഏകീകൃത സിവില്‍ കോഡിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.